Friday 2 January 2015


സ്മൃതി നാശം
_____________
എവിടെയോ പണ്ടു കണ്ടതാണീ മുഖം
എവിടെയാണതെന്നൊർമ്മകിട്ടുന്നില്ല
കൊടിയ വേനലിൻ പാതയിൽ യൊവ്വനം 
കൊടി പിടിച്ച ദിനങ്ങളിലാകണം...
തെരുവുതോറും ചരിത്രം നിണം കൊണ്ടു
ചുവരെഴുത്തു നടത്തുംബൊളാകണം
ഒരു സഖാവുമൊത്തന്നത്തെ രാത്രിയിൽ-
ക്കയറി വന്ന പെൺകുട്ടിയിലാകണം..
എവിടെയോ പണ്ടു കണ്ടതണീ മുഖം
എവിടെയാണതെന്നൊർമ്മ കിട്ടുന്നില്ല
വിധവകൾക്കുള്ള പെൻഷൻ ലഭിക്കുവാൻ
വഴി തിരക്കി വന്നെത്തിയ പെങ്ങളേ..
കനലുകൾ കെട്ടു പോയ നിൻ കൺകളേ...
പണിയെടുത്തു പരുത്ത നിൻ കൈകളേ
അരികു വാൽ പുഴു തിന്ന കടലാസു
ചുരുളിലാണ്ട നിൻ ജീവിത രേഖയെ...
അറിവതെങ്ങനെ എല്ലാം മറക്കുവാൻ
നര കറുപ്പിച്ചു വാഴുമെൻ വാർദ്ധക്ക്യം.....
അതിഥികള്‍ പൊയ്ക്കഴിഞ്ഞു
കാലൊച്ചകള്‍ തെരുവില്‍ വേച്ചൊടുങ്ങുന്നു
മനസ്സിന്റെ തറ നിറയെ സിഗരറ്റു കുറ്റികള്‍
ഫലിതഭാഷണോച്ചിഷ്ടങ്ങള്‍
മേശമേല്‍ പകുതിമോന്തിയ പാനപാത്രങ്ങളില്‍
മറവിതന്‍ ജലം
നാല്പത് വാട്ടിന്റെ പനിവെളിച്ചത്തില്‍
ഈ സത്ര ഭിത്തിയില്‍
അപഥ സഞ്ചാരിയായ ഒരാത്മാവിന്റെ
വികൃത ചിത്രം വരയ്ക്കുകയാണെന്‍ നിഴല്‍
ഇനിയുറങ്ങാം..
ക്ഷണിയ്ക്കുക നിദ്രയെ
മധുരമായിനി സംഗീത യന്ത്രമേ..
ഹരിപകരുന്നു ഗാഢമുരളിയില്‍
ഒരു ഹൃദയം നിറയെ പരിഭവം
ബധിര വര്‍ഷങ്ങള്‍തന്‍ തമോ രാശിയെ
വിദുരമാക്കുന്ന നാദ ചന്ദ്രോദയം
അടിയുടുപ്പുകള്‍ പോലെ
വികാരങ്ങള്‍ മലിനമായ് കഴിഞ്ഞെങ്കിലും സഖീ
ലവണ ഗാനമിരമ്പി എന്‍ ജീവനില്‍
കര കവിയുന്നു കാത്തിരിയ്ക്കുന്നു കടല്‍
ഉടല്‍ പെരുക്കുന്നു
ജാരേന്ദ്രിയങ്ങളില്‍ ദുര ചൊരുക്കുന്നു
മസ്തിഷ്ക ശാലയില്‍ തകരവാദ്യം മുഴക്കുന്നു പിന്നെയും
നഗര രാത്രിതന്‍ നിര്‍നിദ്ര ജീവിതം
ക്ഷമ പറയുവാന്‍ വീര്‍പ്പുമുട്ടും
പരസ്പര സമുദ്രങ്ങള്‍ നെഞ്ചിലടക്കി നാം
ഒരു ശരത്കാല സായന്തനത്തിന്റെ
കരയില്‍ നിന്നും പിരിഞ്ഞ് പോകുമ്പോഴും
വെയില്‍ പുരണ്ടതാം നിന്‍ വിരല്‍കൂമ്പിന്റെ മൃദുല കമ്പന-
മെന്‍ കൈഞരമ്പുകള്‍ക്ക്അറിയുവാന്‍ കഴിഞ്ഞിട്ടില്ല
മാനസം മുറകിടുമ്പോഴും നിന്‍ കണ്‍പീലിതന്‍ നനവ്
ചുണ്ടുകൊണ്ടൊപ്പിയിട്ടില്ല ഞാന്‍
ഇരുളുമോര്‍മ്മതന്‍ സീമയില്‍ ചുംബിയ്ക്കും
ഇരു സമാന്തര രേഖകളല്ലേ നാം
ഒരു വിലപ്പെട്ട ജന്മം മുഴുവനും
വെറുമൊരു വാക്കിനക്കരെയിക്കരെ
കടവു തോണി കിട്ടാതെ നില്‍ക്കുന്നവര്‍
ഹരി വെറും മുളംതണ്ടിനാല്‍
ലോകത്തെ മുഴുവനും ഒരു തേങ്ങലായ് മാറ്റുമ്പോള്‍
ചിര സുഹൃത്തേ വിഫല രേതസ്സിന്റെ
കറപുരണ്ടൊരി പാപതല്പത്തിലും
മരണമറ്റ ജന്മാന്തര സൌഹൃദം പുണരുകയാണ്
ജീര്‍ണ്ണിച്ച ജീവനേ
ഇനിയുമോര്‍ക്കുവാന്‍ എന്തുള്ളൂ
ഹാ സഖീ..
മണലില്‍ ഞാനെന്‍ മുരടന്‍ വിരലുകൊണ്ടെഴുതി വായിച്ച
നിന്റെ നാമാക്ഷരം കടലെടുത്തതും കണ്ണീരഴിഞ്ഞതും
വരികയായ് നിദ്ര ബോധാന്തരങ്ങളില്‍ കെടുക നീയെന്റ്
എന്‍ ജന്മ നക്ഷത്രമേ
അകലെ ദുഃസ്വപ്ന പീഢിതനാമൊരു
തെരുവുകുട്ടി ഉണര്‍ന്നു കരഞ്ഞുവോ
അകലെ ദുഃസ്വപ്ന പീഢിതനാമൊരു
തെരുവുകുട്ടി ഉണര്‍ന്നു കരഞ്ഞുവോ

ഏറ്റവും ദുഃഖഭരിതമായ വരികള്‍
ബാലചന്ദ്രന്‍ ചുള്ളിക്കാട്
കഴിയുമീ രാവെനിക്കേറ്റവും
ദുഖ:ഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായ്‌ രാത്രി നീല നക്ഷത്രങ്ങള്‍
അകലെയായ്‌ വിറകൊള്ളുന്നു ഇങ്ങനെ
ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന
വിരഹിയാം നിശാ മാരുതന്‍ പാടുന്നു
കഴിയുമീ രാത്രി ഏറ്റവും വേദനാ-
ഭരിതമായ പദങ്ങള്‍ ചുരത്തുവാന്‍
അവളെ ഞാന്‍ പണ്ടു പ്രേമിച്ചിരുന്നു
എന്നെയവളുമെപ്പൊഴോ പ്രേമിച്ചിരുന്നിടാം
ഇതു കണക്കെത്ര രാത്രികള്‍ നീളെ ഞാന്‍
അവളെ വാരിയെടുത്തിതെന്‍ കൈകളില്‍
അതിരെഴാത്ത ഗഗനത്തിനു കീഴില്‍
അവളെ ഞാന്‍ ഉമ്മ വെച്ചു തെരുതെരെ
മതിമറന്നെന്നെ സ്നേഹിച്ചിരുന്നവള്‍
അവളെയും ഞാന്‍ പലപ്പോഴും സ്നേഹിചു
പ്രണയനിര്‍ഭരം നിശ്ചല ദീപ്തമാം
മിഴികളെ ആരുമോഹിച്ചു പോയിടാം
കഴിയുമീ രാവില്‍ ഏറ്റവും സങ്കട-
ഭരിതമായ വരികല്‍ കുറിക്കുവാന്‍
കഴിയുമെന്നേക്കുമായവള്‍ പോയെന്നും
ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍
നിശ വിശാലം അവളുടെ വേര്‍പാടില്‍
അതിവിശാലമാകുന്നതു കേള്‍ക്കുവാന്‍
ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്നപോല്‍
കവിത ആത്മാവിലിറ്റിറ്റു വീഴുന്നു
അവലെ നേടാത്ത രാഗം നിരര്‍ത്ഥമായ്‌
ശിഥിലമായ്‌ രാത്രി എന്നോടൊത്തില്ലവള്‍
അഴലുകളിത്രമാത്രം വിജനത്തില്‍
അതി വിദൂരത്തില്‍ എതൊരാള്‍ പാടുന്നു
അരികിലേക്കൊന്നണയുവാനെന്നപോല്‍
അവലെയെന്‍ കാഴ്ച തേടുന്നു പിന്നെയും
അരികില്ലവള്‍ എങ്കിലും
എന്‍ മനമവളെയിപ്പൊഴും തേടുന്നു
അന്നത്തെ നിശയും ആ വെന്നിലാവില്‍
തിളങ്ങുന്ന മര നിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നത്തെയാ
പ്രണയിതാകളല്ല എത്രമേല്‍ മാറി നാം
ഇനിയൊരിക്കലും സ്നേഹിക്കയില്ല
ഞാനവളെയെന്നതു നിശ്ചയം
എങ്കിലുമവളെ എത്രമേല്‍ സ്നേഹിച്ചിരുന്നു ഞാന്‍
വിഫലം ഓമലിന്‍ കേള്‍വി ചുംബിക്കുവാന്‍
ഇളയ കാറ്റിനെ തേടിയെന്‍ ഗദ്ഗദം
ഒടുവില്‍ അന്യന്റെ, അന്യന്റെ യാമവള്‍
അവളെ ഞാന്‍ ഉമ്മ വച്ചപോല്‍ മറ്റൊരാള്‍
അവളുടെ നാദം സൌവര്‍ണ്ണ ദീപ്തമാം
മൃദുല മേനി അനന്തമാം കണ്ണുകള്‍
ഇനിയൊരിക്കലും സ്നേഹിക്കയില്ല
ഞാനവളെ എങ്കിലും സ്നേഹിച്ചു പോയിടാം
പ്രണയം അത്രമേല്‍ ഹ്രസ്വമാം..
വിസ്മൃതി അതിലുമെത്രയോ ദീര്‍ഘം
ഇതുപൊലെ പല നിശകളില്‍ എന്റെ യീ
കൈകളില്‍ അവളെ വാരിയെടുക്കയാലാകണം
ഹൃദയം ഇത്രമെലാകുലമാകുന്നത്‌
അവളെ എന്നെക്കുമായിപ്പിരിഞ്ഞതില്‍
അവള്‍ സഹിപ്പിച്ച ദുഃഖ ശതങ്ങളില്‍
ഒടുവിലത്തെ സഹനമിതെങ്കിലും
ഇതുവരെക്കായവള്‍ക്കായിക്കുറിച്ചതില്‍
ഒടുവിലത്തെ കവിതയിതെങ്കിലും...

പോകൂ പ്രിയപ്പെട്ട പക്ഷീ
(ബാലചന്ദ്രന്‍ ചുള്ളിക്കാട്)
_______________________
പോകൂ പ്രിയപ്പെട്ട പക്ഷീ, കിനാവിന്റെ
നീലിച്ച ചില്ലയില്‍ നിന്നും
നിനക്കായ്‌ വേടന്റെ കൂര-
മ്പൊരുങ്ങുന്നതിന്‍ മുന്‍പ്

ആകാശമെല്ലാം നരക്കുന്നതിന്‍ മുന്‍പ്
ജീവനില്‍ നിന്നും ഇല കൊഴിയും മുന്‍പ്‌
പോകൂ, തുള വീണ ശ്വാസ കോശത്തിന്റെ
കൂടും വെടിഞ്ഞ് ചിറകാര്‍‍‍ -
ന്നൊരോര്‍മ്മ പോല്‍ പോകൂ..
സമുദ്രം ഒരായിരം നാവിനാല്‍
ദൂരാല്‍ വിളിക്കുന്നു നിന്നെ..
പോകൂ പ്രിയപ്പെട്ട പക്ഷീ..
കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും...
പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌
ഹെമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്...
അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍ നിന്നു നീ
പോകൂ പ്രിയപ്പെട്ട പക്ഷീ...
പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌
ഹെമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്,
അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍
നിന്നു നീ പോകൂ പ്രിയപ്പെട്ട പക്ഷീ..


ഓര്‍മ്മകളുടെ ഓണം
___________________
ബാലചന്ദ്രന്‍ ചുള്ളിക്കാട്
ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,
ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ'
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.

കവിത: സ്നേഹം
രചന: ബാലചന്ദ്രന്‍ ചുള്ളിക്കാട്

______________________________
പ്രളയമാണെങ്ങും ഇടവരാത്രിതന്‍
കരിമുകില്‍ ചിറമുറിഞ്ഞ് പേമഴയിടിഞ്ഞ് ചാടുന്നു
ഇടയ്ക്ക് കൊള്ളിയാന്‍ വെളിച്ചത്തില്‍ കാണാം
കടപുഴങ്ങിയ മരങ്ങളും, ചത്ത മൃഗങ്ങളും,മര്‍ത്യ ജഡങ്ങളും
ജലപ്രാഹത്തില്‍ ചുഴന്നൊലിച്ചു പോകുന്നു
ഒരു സുഹൃത്തിന്റെ ശവത്തിന്മേല്‍
അള്ളിപ്പിടിച്ചു നാം മുങ്ങിത്തുടിച്ചു നീന്തുന്നു
ചുഴികുത്തില്‍പ്പെട്ടീ ഒടുക്കത്തെ പ്രാണ പ്രതീക്ഷ
നമ്മുടെ കടും പിടിവിട്ടു തെറിയ്ക്കുകില്‍
നമ്മള്‍ പരസ്പരം ചുറ്റിപ്പിടിച്ചു മുക്കിടുന്നു
ഒരാള്‍ തുലയുമ്പോള്‍ അയാ‍ളുടെ പിണമൊരാള്‍ക്ക് തോണിയാം
ഒരു പക്ഷെ ഒരു കരയണവോളം
അതെല്ലെങ്കില്‍ കൈകള്‍ തളര്‍ന്ന് താവോളം
തുഴയുക പെണ്ണേ തുഴയുക
കാലപരിണതിയോളം തുഴയുകയില്ല നാം

സദ്ഗതി
ബാലചന്ദ്രന്‍ ചുള്ളിക്കാട്
______________________
ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായ്‌ അന്ധയായ്‌ മൂകയായി
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നു നില്‍ക്കും

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായ്‌ അന്ധയായ്‌ മൂകയായ്‌
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നു നില്‍ക്കും
പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍
സ്മരണ തന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനെ..
നിന്‍ ഹൃദയം പരതി പരതി
തളര്‍ന്നു പോകെ...
ഒരു നാളും നോക്കാതെ മാറ്റി വച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും..
പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകുംനിന്‍ അന്ത രംഗം
ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും..
പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകുംനിന്‍ അന്ത രംഗം
ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും...